ഷിക്കാഗോ: ഫൊക്കാന സ്ഥാപകപ്രസിഡന്റും വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ(83-വയസ്സ്) ഷിക്കാഗോയിൽ അന്തരിച്ചു.
കൊല്ലം ഓച്ചിറ സ്വദേശിയാണ്. മൂന്നുതവണ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) പ്രസിഡന്റായിരുന്നു. നോർക്ക ഡയറക്ടർ ബോർഡ് അംഗവും ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്നു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എസ്എൻ ഫുഡീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(കേരള) എസ് എൻ ന്യൂട്രീഷൻ കോർപ്പറേഷൻ(അമേരിക്ക) എന്നിവയുടെ ഡയറക്ടറുമായിരുന്നു. ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ: ഡോ. അനൂപ്, അരുൺ.
കൊല്ലം എസ്എൻ കോളേജിൽനിന്ന് ബിരുദംനേടി. ചെമ്പഴന്തി എസ്എൻ കോളേജ്, പുനലൂർ എസ്എൻ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായും അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽ ആണവരസതന്ത്രം (ന്യൂക്ലിയർ കെമിസ്ട്രി) അധ്യാപകനായും പ്രവർത്തിച്ചു.
രസതന്ത്രത്തിൽ ഗവേഷണത്തിനായാണ് 1973-ൽ അനിരുദ്ധൻ അമേരിക്കയിലെത്തിയത്. പിന്നീട് ന്യൂട്രീഷ്യനിൽ ഡോക്ടറേറ്റ് നേടി. ലോകത്തിലെത്തന്നെ വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിന്റെ ഗവേഷണവിഭാഗം തലവനായി പത്തുവർഷം തുടർന്നു. കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായശൃംഖല വികസിപ്പിച്ചെടുക്കുന്നത്.
സാൻഡോസിനുവേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്പോർട്സ് ന്യൂട്രീഷ്യൻ ഉത്പന്നം ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്തത് അനിരുദ്ധൻ ഉൾപ്പെട്ട സംഘമായിരുന്നു. 1983-ൽ കെ.ആർ. നാരായണൻ അംബാസഡറായിരിക്കെയാണ് അദ്ദേഹത്തിൻ്റെ സഹായത്തോടെ വടക്കൻ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ 'ഫൊക്കാന'യ്ക്ക് രൂപംനൽകിയത്. രണ്ടുപതിറ്റാണ്ടോളം നേതൃനിരയിൽ തുടർന്നു.
ഒട്ടേറെ ഭക്ഷ്യോത്പാദക കമ്പനികളുടെ കൺസൾട്ടന്റായിരുന്നു. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (എഫ്‌ഡിഎ) ഫുഡ് ലേബൽ റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. യുഎസിലെ നാഷണൽ ഫുഡ് പ്രൊസസേഴ്സസ് അസോസിയേഷൻ മികച്ച ആർ ആൻഡ് ഡി ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
Tags:
വേർപാട്