വടകര (കോഴിക്കോട്): വടകര ദേശീയ പാത മൂരാട് പാലത്തിനു
സമീപം ഇർട്ടിഗ കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്ക്. മൂന്ന് സ്ത്രീകളുൾപ്പെടെ നാല് പേരാണ് മരിച്ചത്. ഞായർ പകൽ 3.15 ഓടെയാണ് അപകടം. റോജ (ന്യൂ മാഹി), ജയവല്ലി (മാഹി), രഞ്ജി പാറേമ്മൽ (അഴിയൂർ), ഷിഗിൻ ലാൽ കോട്ടാമല കുന്നുമ്മൽ മാഹി എന്നിവരാണ് മരിച്ചത്.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 02 എഇ 2679 കർണാടക രജിസ്ട്രേഷൻ ട്രാവലവും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 18 എഎഫ് 4090 നമ്പർ കാറുമാണ് കൂട്ടിയിടിച്ചത്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കാറിലുള്ളവർ. കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ട് പേർക്കും കാറിലെ ഒരാൾക്കുമാണ് പരിക്കേറ്റത്
ബ്രദേഴ്സ‌് ബസ് സ്റ്റോപ്പിനു സമീപം പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ കയറിയ കാർ ദേശീയ പാതയിലേക്ക് കടക്കവെ എതിർ ദിശയിൽ നിന്നും വന്ന ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്
ഈ ഭാഗത്ത് അടുത്തിടെയാണ് മൂരാട് പാലത്തിന്റെയും ദേശീയപാതയുടെയും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. കുററ്യാടി പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെയാണ് പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത്.
പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags:
വേർപാട്