Trending

128ാം വയസ്സിൽ ബാബ ശിവാനന്ദ് അന്തരിച്ചു




വാരാണസി (ഉത്തർപ്രദേശ്): പ്രശസ്ത ആത്മീയ ഗുരുവും യോഗ പരിശീലകനുമായ ബാബ ശിവാനന്ദ് അന്തരിച്ചു. 128ാം വയസ്സിലാണ് ശിവാനന്ദിന്റെ മരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു വാരണാസിയിൽ ബാബ ശിവാനന്ദിന്റെ അന്ത്യം.

ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. "യോഗ പരിശീലകനും കാശിക്കാരനുമായ ശിവാനന്ദ് ബാബ ജിയുടെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്. യോഗയ്ക്കും സാധനയ്ക്കും വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കും. യോഗയിലൂടെ സമൂഹത്തെ സേവിച്ചതിന് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചിരുന്നു. ശിവാനന്ദ് ബാബയുടെ ശിവലോകത്തിലേക്കുള്ള വേർപാട് കാശി നിവാസികൾക്കും, അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ദശലക്ഷക്കണക്കിന് ആളുകൾക്കും നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു."

ശനിയാഴ്ച രാത്രി ബാബ ശിവാനന്ദിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കാശി (വാരണാസി) നിവാസിയായ ബാബ ശിവാനന്ദ് കർക്കശമായ അച്ചടക്കമുള്ള ജീവിതശൈലിയാണ് പിന്തുടർന്നിരുന്നത്. സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് 2022-ൽ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം തേടിയെത്തി.

അതിരാവിലെ മൂന്നു മണിക്കാണ് ബാബ ശിവാനന്ദിന്റെ ദിവസം തുടങ്ങുകയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. യോഗയും ധ്യാനവുമെല്ലാം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ദിനചര്യ. ഭക്ഷണക്രമത്തിലും കാർക്കശ്യം പാലിച്ചിരുന്നു അദ്ദേഹം.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബാബ ശിവാനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ചു. "യോഗ മേഖലയിൽ സമാനതകളില്ലാത്ത സംഭാവന നൽകിയ കാശിയുടെ പ്രശസ്ത യോഗ ഗുരു 'പത്മശ്രീ' സ്വാമി ശിവാനന്ദ് ജിയുടെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ! അങ്ങയുടെ ആത്മീയ പരിശീലനവും യോഗ ജീവിതവും മുഴുവൻ സമൂഹത്തിനും വലിയ പ്രചോദനമാണ്. യോഗയുടെ വളർച്ചയ്ക്കായി അങ്ങ് മുഴുവൻ ജീവിതവും സമർപ്പിച്ചു. പരേതന്റെ ആത്മാവിന് മോക്ഷം നൽകാനും അദ്ദേഹത്തിന്റെ ദുഃഖിതരായ അനുയായികൾക്ക് ഈ വലിയ ദുഃഖം സഹിക്കാൻ ശക്തി നൽകാനും ഞാൻ ബാബ വിശ്വനാഥിനോട് പ്രാർത്ഥിക്കുന്നു. ഓം ശാന്തി!"

1896 ഓഗസ്റ്റ് 8നാണ് ബാബ ശിവാനന്ദ് ജനിച്ചതെന്ന് പറയപ്പെടുന്നു. ഇന്നത്തെ ബംഗ്ലാദേശിലെ സിൽഹെറ്റ് ജില്ലയിലായിരുന്നു ജനനം. പട്ടിണി കിടന്ന് മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് ആറാം വയസ്സിൽ അനാഥനായ അദ്ദേഹത്തെ ഓംകാരാനന്ദ് എന്ന യോഗാ ഗുരു ഏറ്റെടുത്തു. ഓംകാരാനന്ദ് ശിവാനന്ദിന്റെ ആത്മീയ ഗുരുവായി മാറുകയും യോഗ, സന്യാസ മേഖലകളിൽ വഴികാട്ടുകയും ചെയ്തു.

പൊതുജനങ്ങൾക്ക് ബാബ ശിവാനന്ദിനെ അവസാനമായി കാണാനും, അന്ത്യാഞ്ജലി അർപ്പിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. മൃതദേഹം കബീർനഗർ കോളനിയിലെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ശിഷ്യന്മാർ അറിയിച്ചു. ഇന്നുതന്നെ അന്ത്യകർമ്മങ്ങൾ നടക്കും.

മൂന്ന് പതിറ്റാണ്ടിലേറെയായി വാരണാസിയിലെ ഗംഗാ നദിയുടെ തീരത്ത് അദ്ദേഹം യോഗ പഠിപ്പിച്ചു. വരികയായിരുന്നു. അമ്പത് വർഷത്തിലേറെ കുഷ്ഠരോഗികളായ 400–600 ഭിക്ഷക്കാരെ അദ്ദേഹം പരിചരിച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾക്കായി ഭക്ഷണം, പഴങ്ങൾ, വസ്ത്രങ്ങൾ,  പുതപ്പുകൾ, കൊതുകുവലകൾ, പാചക പാത്രങ്ങൾ തുടങ്ങിയവ അദ്ദേഹം എത്തിച്ചു നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ